ആദി ശങ്കര വിരചിതമായ ഒരു കൃതിയാണ് മോഹ മുദ്ഗരം അഥവാ ഭജ ഗോവിന്ദം .ലോക സുഖങ്ങളുടെ നിസ്സാരതയും, ഈശ്വര പ്രപ്തിയുടെ അനിവാര്യതയും, അത് നേടാന്‍ സത്സംഗദ്വാരാ ഉണ്ടാകുന്ന വിഷയ വൈരാഗ്യവും ഭഗവദ് ഭജനവുമല്ലാതെ മറ്റ് എളുപ്പ വഴികളൊന്നും ഇല്ലെന്ന സത്യവും ആണ് ഈ കൃതിയിലൂടെ ആചാര്യന്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നത് .ഇതിലെ ആദ്യമുള്ള പതിനാലു ശ്ളോകങ്ങള്‍ ആചാര്യന്‍ നേരിട്ടെഴുതിയതും , മറ്റുള്ളവ ശിഷ്യന്മാരെ കൊണ്ട് എഴുതിച്ചതും എന്നാണ് വിശ്വസിക്കപ്പെടുന്നത്.
1. ഭജ ഗോവിന്ദം ഭജ ഗോവിന്ദം ഗോവിന്ദം ഭജ മുഢ മതേ
സംപ്രാപ്തേ സന്നിഹിതേ കാലേ നഹി നഹി രക്ഷതി ഡുകൃഞ്കരണേ
( ഹേ! മൂഢനായ മനുഷ്യ! ഗോവിന്ദനെ ഭജിക്കൂ, ഗോവിന്ദനെ ഭജിക്കൂ, മരണകാലം അടുക്കുമ്പോള്‍ 'ഡുകൃഞ്കരണേ'എന്ന് ഉരുവിട്ടുകൊണ്ടിരുന്നല്‍ അത് നിന്നെ രക്ഷിക്കാന്‍ പോകുന്നില്ല. അത് കൊണ്ടു സദാഗോവിന്ദനെ ഭജിക്കൂ.അന്ത്യ കാലത്തും ഭഗവത് സ്മരണയുണ്ടാകാന്‍ അത് മാത്രമാണ് ഏക മാര്‍ഗം.)
ഭജ ഗോവിന്ദം.........................................................
2. മൂഢ ജഹീഹി ധനാഗമ തൃഷ്ണാം കുരു സദ് ബുദ്ധിം മനസി വിതൃഷ്ണാം
യല്ലഭസേ നിജ കര്‍മോപാത്തം വിത്തം തേന വിനോദയ ചിത്തം
(ഹേ!മൂഢ!ധാരാളം ധനം വേണമെന്നുള്ള അത്യാഗ്രഹം ഉപേക്ഷിക്കൂ. നിന്‍റെ ബുദ്ധിയെ നന്നാക്കൂ.മനസില്‍ നിന്ന് അത്യാഗ്രഹം ഒഴിവാക്കൂ. കര്‍മ ഗതിയനുസരിച്ച് എന്തുലഭിക്കുമൊ അത് കൊണ്ടു തൃപ്തി പ്പെടുവാന്‍ നിന്‍റെ ചിത്തത്തെഅഭ്യസിപ്പിക്കൂ. )
ഭജ ഗോവിന്ദം......................................................
3. നാരീ സ്തനഭര നാഭീ ദേശം ദൃഷ്ട്വാ മാ ഗാ മോഹാവേശം
ഏതന്മാംസവസാദി വികാരം മനസി വിചിന്തയ വാരം വാരം.
(സ്ത്രീകളുടെ ശരീര സൌന്ദര്യം കണ്ടു മോഹിക്കരുത് . അതിലുള്ളത് വെറും മാംസവും കൊഴുപ്പും മാത്രമാണെന്ന് വീണ്ടും വീണ്ടും മനസ്സില്‍ ചിന്തിച്ച് ഉറപ്പിക്കുക. )
ഭജ ഗോവിന്ദം.....................................................
4. നളിനീ ദളഗത ജലമതി തരളം തദ്വത്ജീവിതം അതിശയ ചപലം
വിദ്ധി വ്യാധ്യഭിമാന ഗ്രസ്തം ലോകം ശോകഹതം ച സമസ്തം.
(താമരയിലയില്‍ വീഴുന്ന വെള്ളം എത്ര അസ്ഥിരമായിരിക്കുന്നുവൊ , അതു പോലെ അതിശയകരമാം വിധത്തില്‍അസ്ഥിരമാണ് നമ്മുടെ ജീവിതവും.രോഗങ്ങള്‍ കൊണ്ടും അഭിമാനം കൊണ്ടും ഗ്രസിക്കപ്പെട്ടിരിക്കുന്ന ഈ ലോകംമുഴുവനും ദുഃഖത്തില്‍ ആഴ്ന്നിരിക്കുകയാണ് എന്നറിയുക. )
ഭജ ഗോവിന്ദം..........................................
5 . യാവദ് വിത്തോപാസനസക്ത :താവന്നിജ പരിവാരോ രക്ത:
പശ്ചാജ്ജീവതി ജര്‍ജര ദേഹേ വാര്‍ത്താം കോപി ന പൃച്ഛതി ഗേഹേ.
(ഒരുവന് ധനം സമ്പാദിക്കാന്‍ കഴിയുന്ന കാലത്തോളം അവന്‍റെ കുടുംബാംഗങ്ങള്‍ അവനോടു സ്നേഹം ഭാവിക്കും.വയസ്സായി ജരാ നരകള്‍ ബാധിച്ച് വെറുതെ വീട്ടിലിരുന്നാല്‍ ഒരു നല്ല വാക്കു പറയാന്‍ പോലും അവിടെ ആരും കാണുകയില്ല.)
ഭജ ഗോവിന്ദം.....................................................
6. യാവത് പവനോ നിവസതി ഗേഹേ താവത് പൃച്ഛതി കുശലം ഗേഹേ
ഗതവതി വായൌ ജീവാപായേ ഭാര്യാ ബിഭ്യതി തസ്മിന്‍ കായേ.
(എത്ര കാലം വരെ ഒരുവന്റെ ദേഹത്തില്‍ പ്രാണ സഞ്ചാരം ഉണ്ടോ അത്രയും കാലം വീട്ടില്‍ എല്ലാവരും അയാളുടെ കുശലങ്ങളൊക്കെ ചോദിക്കും.എന്നാല്‍ ജീവിതാവസാനത്തില്‍ പ്രാണവായു വിട്ടു പോയ ശരീരം കാണുമ്പോള്‍ അയാളുടെ ഭാര്യ പോലും പേടിച്ചു പോകുന്നു.)
ഭജ ഗോവിന്ദം....................................................
7. ബാലസ്താവത് ക്രീഡാ സക്ത: തരുണസ്താവത് തരുണീ സക്ത:
വൃദ്ധസ്താവത് ചിന്താസക്ത: പരേ ബ്രഹ്മണി കോപി ന സക്ത:
( കുട്ടികള്‍ കളികളില്‍ മുഴുകി കഴിയുന്നു.യുവാക്കള്‍ സ്ത്രീകളില്‍ ആസക്തരായി ഭോഗങ്ങളില്‍ മുഴുകി ജീവിതം തുലയ്ക്കുന്നു .വൃദ്ധന്മാര്‍ കഴിഞ്ഞ കാലങ്ങളെയോര്‍ത്തു ചിന്താമഗ്നരായികഴിച്ചുകൂട്ടുന്നു.പരബ്രഹ്മവസ്തുവായ ഈശ്വരനില്‍ ആര്‍ക്കും താത്പര്യം ഇല്ല)
ഭജ ഗോവിന്ദം....................................................
8 .കാ തേ കാന്താ കസ്തേ പുത്ര: സംസാരോയമാതീവ വിചിത്ര:
കസ്യ ത്വം ക: കുത ആയാതസ്തത്ത്വം ചിന്തയ യദിദം ഭ്രാത:
( നിന്‍റെ ഭാര്യ ആര്?പുത്രനാര്?നീ ആരുടെ പുത്രന്‍?എവിടെ നിന്ന് വന്നു? ഈ സംസാരം എത്ര വിചിത്രമായിരിക്കുന്നു?ഹേ ! സഹോദരാ! ഇക്കാര്യങ്ങളുടെയെല്ലാം തത്ത്വം ഒന്നു വിചാരം ചെയ്തു നോക്കു.)
ഭജ ഗോവിന്ദം....................................................
9.സത്സംഗത്വേ നി:സംഗത്വം നി:സംഗത്വേ നിര്‍മോഹത്ത്വം
നിര്‍മോഹത്ത്വേ നിശ്ചല തത്വം നിശ്ചല തത്വേ ജീവന്‍ മുക്തി:
(സജ്ജന സംസര്‍ഗം കൊണ്ടു ലൌകിക വിഷയങ്ങളില്‍ വിരക്തി ഉണ്ടാകുന്നു.ലൌകിക വിഷയങ്ങളില്‍വിരക്തി ഉണ്ടാകുമ്പോള്‍ അവയെ പറ്റിയുണ്ടായിരുന്ന തെറ്റായ ധാരണകള്‍ മാറുന്നു.
അങ്ങനെ മോഹ നാശം സംഭവിക്കുമ്പോള്‍ ആത്മ തത്വം മനസ്സില്‍ ദൃഢമായി ഉറയ്ക്കുന്നു. ആത്മ തത്വം മനസ്സില്‍ ഉറയ്ക്കുന്നതോടുകൂടി ജീവന്മുക്തി ലഭിക്കുന്നു.)
ഭജ ഗോവിന്ദം....................................................
10.വയസി ഗതേ ക: കാമ വികാര: ശുഷ്കേ നീരേ ക: കാസാര:
ക്ഷീണേ വിത്തേ ക: പരിവാര: ജ്ഞാതേ തത്ത്വേ ക: സംസാര:
(വയസ്സായാല്‍ പിന്നെന്തു കാമ വകാരം?ജലം വറ്റിക്കഴിഞ്ഞാല്‍ പിന്നെന്തു തടാകം?ധനം കുറഞ്ഞാല്‍ പിന്നെന്തു പരിവാരം?അതുപോലെ തത്വ ജ്ഞാനം സിദ്ധിച്ചാല്‍ പിന്നെന്തു സംസാരം?)
ഭജ ഗോവിന്ദം....................................................
11.മാ കുരു ധന ജന യൌവ്വന ഗര്‍വം ഹരതി നിമേഷാല്‍ കാല: സര്‍വ്വം
മായാ മയമിദമഖിലം ഹിത്വാ ബ്രഹ്മ പദം ത്വം പ്രവിശ വിദിത്വാ.
(ധനത്തിന്റെയൊ ജനസ്വാധീനത്തിന്റെയൊ യൌവ്വനത്തിന്റെയോ പേരില്‍ നീ അഹംകരിക്കരുത്. ഒരു നിമിഷം കൊണ്ടു കാലം ഇതിനെയെല്ലാം സംഹരിക്കും.ഇവയെല്ലാം മായയുടെ സൃഷ്ടിയാണെന്നറിഞ്ഞ് അവയെ ഉപേക്ഷിച്ചിട്ട് ബ്രഹ്മ പദത്തില്‍ എത്താന്‍ ശ്രമിക്കു.
ഭജ ഗോവിന്ദം....................................................
12.ദിന യാമിന്യൌ സായം പ്രാത: ശിശിര വസന്തൌ പുനരായാത:
കാല: ക്രീഡതി ഗച്ഛത്യായു: തദപി ന മുഞ്ചാത്യാശാ വായു:
(പകലും രാത്രിയും, പ്രഭാതവും സായാഹ്നവും,ശിശിരവും വസന്തവും വരികയും പോകുകയും വീണ്ടും വരികയും ചെയ്തുകൊണ്ടിരിക്കുന്നു.ഇങ്ങനെ കാലം കളിക്കുമ്പോള്‍ നമ്മുടെ ആയുസ്സും പൊയ്ക്കൊണ്ടിരിക്കുന്നു.എന്നാല്‍ ആശകളെ ആരും ഉപേക്ഷിക്കുന്നില്ല.)
ഭജ ഗോവിന്ദം....................................................
13.കാ തേ കാന്താ ധനഗത ചിന്താ വാതുല കിം തവ നാസ്തി നിയന്താ
ത്രിജഗതി സജ്ജന സംഗതിരേകാ ഭവതി ഭവാര്‍ണ്ണവ തരണേ നൌകാ.
(ഹേ! വഴി പിഴച്ചവനെ!നീ എന്തുകൊണ്ടാണ് കളത്ര ധനാദികളെ പറ്റി മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്നത്? നിനക്കു നല്ലത് പറഞ്ഞുതരാന്‍ ആരുമില്ലേ?സംസാരസമുദ്രത്തെ തരണം ചെയ്യുവാന്‍ ഈ മൂന്നു ലോകങ്ങളിലും സജ്ജന സംസര്‍ഗമല്ലാതെ മറ്റൊരു തോണിയില്ല.)
ഭജ ഗോവിന്ദം....................................................
14.ജടിലോ മുണ്ഡീ ലുഞ്ചിത കേശ: കാഷായാംബര ബഹുകൃത വേഷ:
പശ്യന്നപി ച ന പശ്യതി മുഢോഹ്യുദര നിമിത്തം ബഹുകൃത വേഷ:
( ജടാധാരികള്‍, തല മുണ്ഡനം ചെയ്തവര്‍,തലമുടി പിഴുതു കളയുന്നവര്‍, കാഷായധാരികള്‍, ഇങ്ങനെ അനേകം വേഷങ്ങളില്‍ സഞ്ചരിക്കുന്നവരുണ്ട്.കേവലം ഉദരഭരണത്തിനായി ഇത്തരം വേഷങ്ങള്‍ കെട്ടുന്ന ഈ മൂഢന്മാര്‍ എല്ലാം കാണുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ കാണേണ്ടതിനെ കാണുന്നില്ല.)
ഭജ ഗോവിന്ദം....................................................
15.അംഗം ഗലിതം പലിതം മുണ്ഡം ദശന വിഹീനം ജാതം തുണ്ഡം
വൃദ്ധോ യാതി ഗൃഹീത്വാ ദണ്ഡം തദപി ന മുഞ്ചത്യാശാ പിണ്ഡം.
( അംഗങ്ങള്‍ തളര്‍ന്ന , മുടി നരച്ച , വായില്‍ പല്ലില്ലാത്ത ഒരു വൃദ്ധന്‍, അയാള്‍ക്ക് നടക്കണമെങ്കില്‍ വടിയുടെ സഹായം വേണം. എന്നാലും അയാള്‍ ആശകളുടെ ഭാണ്ഡം കൈവിടുന്നില്ല.)
ഭജ ഗോവിന്ദം....................................................
16.അഗ്രേ വഹ്നി: പൃഷ്ഠേ ഭാനു രാത്രൌ ചുബുക സമര്‍പ്പിത ജാനു
കരതല ഭിക്ഷസ്തരുതല വാസ:തദപി ന മുഞ്ചത്യാശാ പാശ:
(മരച്ചുവട്ടില്‍ വസിക്കുന്ന ഭിക്ഷു; കൈകുമ്പിളില്‍ കിട്ടുന്ന ഭിക്ഷയാണ് ആഹാരം;തണുപ്പകറ്റാന്‍ ഒന്നുകില്‍ തീ കായും, അല്ലെങ്കില്‍ വെയിലത്തിരിക്കും,രണ്ടുമില്ലാത്ത രാത്രികളില്‍ മുട്ടുകള്‍മടക്കി താടി ക്കീഴിലാക്കി വച്ചുകൊണ്ടിരിക്കും. ഇങ്ങനെയുള്ള ആള്‍ പോലും ആശയാകുന്ന പാശത്തെ ഉപേക്ഷിക്കുന്നില്ല.)
ഭജ ഗോവിന്ദം....................................................
17 .കുരുതേ ഗംഗാ സാഗര ഗമനം വ്രതപരിപാലനമഥവാ ദാനം
ജ്ഞാന വിഹീന: സര്‍വമതേന മുക്തിം ഭജതി ന ജന്മ ശതേന .
(കാശിയില്‍ പോയി ഗംഗയിലോ, രാമേശ്വരത്ത് പോയി സമുദ്രത്തിലോ തീര്‍ത്ഥസ്നാനം ചെയ്താലും, അനേകം വ്രതങ്ങള്‍ നോറ്റാലും ,ധാരാളം ദാനങ്ങള്‍ ചെയ്താലും ഒരുവന് ആത്മജ്ഞാനം ഇല്ലെങ്കില്‍ അവന് നൂറു ജന്മം കൊണ്ടുപോലും മോക്ഷം ലഭിക്കുകയില്ല എന്നത് സര്‍വ മതങ്ങളും സമ്മതിക്കുന്ന കാര്യമാണ്.)
ഭജ ഗോവിന്ദം....................................................
18. സുരമന്ദിരതരു മൂല നിവാസ: ശയ്യാ ഭൂതലമജിനം വാസ:
സര്‍വപരിഗ്രഹഭോഗത്യാഗ: കസ്യ സുഖം ന കരോതി വിരാഗ:
(ദേവാലയ വൃക്ഷങ്ങളുടെ ചുവട്ടില്‍ വാസം,വെറും തറയില്‍ ശയനം,മാന്‍ തോലോ ,മരവുരിയോ മാത്രം വസ്ത്രം, ആരില്‍ നിന്നും ഒന്നും സ്വീകരിക്കാതിരിക്കുക,സുഖഭോഗങ്ങളെ പൂര്‍ണമായി ഉപേക്ഷിക്കുക , ഇപ്രകാരം ദൃഢ വൈരാഗ്യമുള്ള ഏതൊരു വിരക്തനാണ് ആത്മ സുഖം ലഭിക്കാത്തത്?)
ഭജ ഗോവിന്ദം....................................................
19. യോഗരതോ വാ ഭോഗരതോ വാ സംഗരതോ വാ സംഗവിഹീന:
യസ്യബ്രഹ്മണി രമതേ ചിത്തം നന്ദതി നന്ദതി നന്ദത്യേവ.
( ഒരുവന്‍ യോഗരതനോ,ഭോഗരതനോ, സംഗരതനോ,സംഗവിഹീനനോ ആരുമാകട്ടെ.അവന്റെ ചിത്തം സദാ ബ്രഹ്മ വസ്തുവായ ഈശ്വരനില്‍ രമിക്കുമെങ്കില്‍ അവനാണ് ആനന്ദിക്കുന്നവന്‍;അവന്‍ തന്നെയാണ് ആനന്ദിക്കുന്നവന്‍. യോഗരതന്‍=യോഗനിഷ്ഠയുള്ളവന്‍ ; ഭോഗരതന്‍=ഭോഗങ്ങളില്‍ താത്പര്യമുള്ളവന്‍; സംഗരതന്‍=കൂട്ട് കെട്ടുകളില്‍ താത്പര്യമുള്ളവന്‍; സംഗവിഹീനന്‍=കൂട്ടുകെട്ടുകള്‍ ഇല്ലാത്തവന്‍ )
20.ഭഗവദ് ഗീതാ കിഞ്ചിദധീതാ ഗംഗാജല ലവ കണികാ പീതാ
സകൃദപി യേന മുരാരി സമര്‍ച്ചാ ക്രിയതേ തസ്യ യമേന ന ചര്‍ച്ചാ.
ഭജ ഗോവിന്ദം....................................................
(ഭഗവദ് ഗീത അല്പമെങ്കിലും പഠിക്കുകയോ, ഗാംഗാജലം ഒരു തുള്ളിയെങ്കിലും കുടിക്കുകയോ , മുരാരിയായ ശ്രീകൃഷ്ണ ഭഗവാനെ ഒരു തവണയെങ്കിലും പൂജിക്കുകയോ ചെയ്തിട്ടുള്ള ഒരുവനെ സമീപിക്കുവാന്‍ മരണത്തിനുപോലും ഭയമാണ്.)
ഭജ ഗോവിന്ദം....................................................
21 .പുനരപി ജനനം പുനരപി മരണം പുനരപി ജനനീ ജഠരേ ശയനം
ഇഹ സംസാരേ ബഹു ദുസ്താരേ കൃപയാ പാരേ പാഹി മുരാരേ.
(വീണ്ടും ജനനം ,വീണ്ടും മരണം,വീണ്ടും മാതൃ ഗര്‍ഭത്തില്‍ ശയനം,ഇങ്ങനെയുള്ള ഈ സംസാരം കടക്കുന്നത് അത്യന്തം ദുഷ്കരമാണ്.അല്ലയോ മുരാരേ! അവിടുത്തെ കൃപയുണ്ടായി അടിയനെ അതില്‍ നിന്നും രക്ഷിക്കേണമേ.)
ഭജ ഗോവിന്ദം....................................................
22 .രഥ്യാ കര്‍പട വിരചിത കന്ഥ: പുണ്യാ പുണ്യ വിവര്‍ജിത പന്ഥ:
യോഗീ യോഗനിയോജിത ചിത്തോ രമതേ ബാലോന്മത്തവദേവ.
(വഴിയില്‍ ആരെങ്കിലും ഉപേക്ഷിച്ചിട്ടിരിക്കുന്ന തുണ്ടുതുണി കൌപീനമായി ധരിക്കുന്നവനും,പുണ്യ പാപങ്ങള്‍ തീണ്ടാത്തവനും, ചിത്തത്തെ സദാ ഈശ്വരനുമായി ചേര്‍ത്ത് വയ്ക്കുന്നവനുമായ യോഗി ഒരു ബാലനെ പോലെയോ,ഉന്മത്തനെ പോലെയോ ആനന്ദം അനുഭവിക്കുന്നു.)
ഭജ ഗോവിന്ദം....................................................
23.കസ്ത്വം കോഹം കുത ആയാത: കാ മേജനനീ കോ മേ താത:
ഇതി പരിഭാവായ സര്‍വമസാരം വിശ്വം ത്യക്ത്വാ സ്വപ്ന വിചാരം.
( നീ ആര്? ഞാന്‍ ആര്? എവിടെ നിന്നു വന്നു? എന്റെ അമ്മ ആര്? അച്ഛന്‍ ആര്?സ്വപ്ന തുല്യവും,നി:സാരവുമായ ഈ വിശ്വത്തെ മാറ്റി നിര്‍ത്തിയിട്ട് ഈ വക കാര്യങ്ങളെ പറ്റി വിചാരം ചെയ്യുക.)
ഭജ ഗോവിന്ദം....................................................
24 . ത്വയി മയി ചാന്യത്രൈകോ വിഷ്ണുര്‍ വ്യര്‍ത്ഥം കുപ്യസി മയ്യസഹിഷ്ണു:
സര്‍വസ്മിന്നപി പശ്യാത്മാനം സര്‍വത്രോത്സൃജ ഭേദാജ്ഞാനം.
(നിന്നിലും,എന്നിലും,മറ്റെല്ലാത്തിലും ഇരിക്കുന്നത് ഏകനായ വിഷ്ണു തന്നെയാണ്.ഏകവസ്തുവായ ആത്മാവിനെ എല്ലാത്തിലും കണ്ട്, ഭേദബുദ്ധിയാകുന്ന അജ്ഞാനത്തെ എല്ലാ പ്രകാരത്തിലും ഉപേക്ഷിക്കുക.)
ഭജ ഗോവിന്ദം....................................................
25.ശത്രൌ മിത്രേ പുത്രേ ബന്ധൌ മാ കുരു യത്നം വിഗ്രഹ സന്ധൌ
ഭവഃ സമ ചിത്ത: സര്‍വത്ര ത്വം വാഞ്ഛത്ത്യചിരാദ് യദി വിഷ്ണുത്വം.
(ശത്രുക്കള്‍, മിത്രങ്ങള്‍,പുത്രന്മാര്‍,ബന്ധുക്കള്‍ തുടങ്ങി ആരുമായും പിണങ്ങാനോ ഇണങ്ങാനോ ശ്രമിക്കാതെ എല്ലാവരിലും സമചിത്തത പുലര്‍ത്തുക .നീ വിഷ്ണുത്വം (ഈശ്വര സാക്ഷാത്കാരം ) ആഗ്രഹിക്കുന്നു എങ്കില്‍ ഇതാണ് ചെയ്യേണ്ടത്.)
ഭജ ഗോവിന്ദം....................................................
26 .കാമം ക്രോധം ലോഭം മോഹം ത്യക്ത്വാത്മാനം ഭാവയ കോഹം
ആത്മജ്ഞാന വിഹീനാ മൂഢാസ്തേ പച്യന്തേ നരക നിഗൂഢാ:
(കാമം,ക്രോധം,ലോഭം,മോഹം എന്നിവയെ ഉപേക്ഷിച്ചിട്ട് 'ഞാന്‍ ആര്?' എന്ന് സ്വന്തം ആത്മാവിനെ കുറിച്ചു വിചാരം ചെയ്യുക.ആത്മ ജ്ഞാന വിഹീനരായ മൂഢാത്മാക്കള്‍ നിഗൂഢമായ നരക യാതനകള്‍ അനുഭവിക്കേണ്ടിവരുന്നു.)
ഭജ ഗോവിന്ദം....................................................
27 . ഗേയം ഗീതാ നാമ സഹസ്രം ധ്യേയം ശ്രീപതി രൂപമജസ്രം
നേയം സജ്ജന സംഗേ ചിത്തം ദേയം ദീനജനായ ച വിത്തം.
(വിഷ്ണു സഹസ്ര നാമവും,ഭഗവദ് ഗീതയും നിത്യവും ഗാനം ചെയ്യപ്പെടണം; ലക്ഷ്മീ പതിയായ വിഷ്ണുഭഗവാന്‍്റെ രൂപം സദാ ധ്യാനിക്കപ്പെടണം; ചിത്തം സജ്ജനങ്ങളുമായുള്ള സംസര്‍ഗത്തില്‍ വ്യാപരിക്കണം; ധനം ദീനജനങ്ങള്‍ക്കായി ദാനം ചെയ്യപ്പെടണം.)
ഭജ ഗോവിന്ദം....................................................
28 . സുഖദ: ക്രിയതേ രാമാഭോഗ: പശ്ചാത് ഹന്ത ശരീരേ രോഗ:
യദ്യപി ലോകേ മരണം ശരണം തദപി ന മുഞ്ചതി പാപാചരണം.
(സുഖത്തിനു വേണ്ടി കാമ ഭോഗങ്ങളില്‍ മുഴുകുന്നു; എന്നാല്‍ പിന്നീട് ഹാ കഷ്ടം! ശരീരം രോഗഗ്രസ്തമാകുന്നു .അതിന്റെ ഫലമായി, മരണം മാത്രമാണ് ഇനി ആശ്രയം എന്ന അവസ്ഥ വരുന്നു. എന്നിട്ടും പാപ കര്‍മ്മങ്ങള്‍ ആചരിക്കുന്നതില്‍ നിന്നു പിന്മാറുന്നില്ല.)
ഭജ ഗോവിന്ദം....................................................
29 . അര്‍ഥമനര്‍ഥം ഭാവയ നിത്യം നാസ്തി തത: സുഖലേശ: സത്യം
പുത്രാദപി ധനഭാജാം ഭീതി:സര്‍വത്രൈഷാ വിഹിതാ രീതി:
(അര്‍ത്ഥം-ധനം അനര്‍ത്ഥമാണ് -ആപത്തുണ്ടാക്കുന്നതാണ്,സത്യത്തില്‍ സുഖത്തിന്റെ ലേശം പോലും അതില്‍ (ധനത്തില്‍)നിന്നു കിട്ടുകയില്ല, എന്ന് സദാ ഭാവന ചെയ്യുക. ധനം കൂട്ടി വയ്ക്കുന്നവര്‍ക്ക് പുത്രന്മാരെ പോലും ഭയമാണ്.ധനവാന്മാരുടെ രീതി എവിടെയും ഇങ്ങനെ തന്നെയാണ്.)
ഭജ ഗോവിന്ദം....................................................
30 . പ്രാണായാമം പ്രത്യാഹാരം നിത്യാനിത്യ വിവേക വിചാരം
ജാപ്യ സമേത സമാധി വിധാനം കുര്‍വവധാനം മഹദവധാനം.
(പ്രാണായാമം,പ്രത്യാഹാരം, നിത്യാനിത്യ വിവേക വിചാരം,ജപത്തോടു കൂടിയുള്ള ധ്യാന പരിശീലനം എന്നിവ വളരെ ശ്രദ്ധയോടും സാവധാനമായും അഭ്യസിക്കുക.പ്രാണയാമം=പ്രാണനെ അഥവാ ജീവ ശക്തിയെ ദുരുപയോഗം ചെയ്യാതെ തന്നുള്ളില്‍ അടക്കി നിര്‍ത്തുക;പ്രത്യാഹാരം= ഇന്ദ്രിയങ്ങളെ അവയുടെ വിഷയങ്ങളിലേക്ക് കെട്ടഴിച്ചു വിടാതെ നിയന്ത്രിക്കുക; നിത്യാനിത്യ വിവേക വിചാരം= നിത്യ വസ്തുവായ ആത്മാവിനെയും, അനിത്യ വസ്തുക്കളായ പ്രപഞ്ച ഘടകങ്ങളെയും വേര്‍തിരിച്ചു കണ്ട്, നിത്യമായതില്‍ മനസ്സിനെ ഉറപ്പിച്ചു നിര്‍ത്തുക.)
ഭജ ഗോവിന്ദം....................................................
31 . ഗുരുചരണാംബുജ നിശ്ചല ഭക്ത: സംസാരാദചിരാദ് ഭവ മുക്ത:
സേന്ദ്രിയ മാനസ നിയമാദേവം ദ്രക്ഷ് യസി നിജ ഹൃദയസ്ഥം ദേവം.
( ഗുരുവിന്റെ പാദ കമലങ്ങളില്‍ നിശ്ചല ഭക്തിയോടുകൂടിയ നീ ഇപ്രകാരം മനസ്സിനെയും ഇന്ദ്രിയങ്ങളെയും നിയന്ത്രിച്ച് സംസാരത്തില്‍ നിന്നും വളരെ വേഗം മുക്തനായി ഭവിക്കുക.അപ്പോള്‍ നിനക്കു നിന്റെ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന ആ ദേവനെ കാണാന്‍ സാധിക്കും.
ഭജ ഗോവിന്ദം ഭജ ഗോവിന്ദം ഗോവിന്ദം ഭജ മുഢമതേ
സംപ്രാപ്തേ സന്നിഹിതേ കാലേ നഹി നഹി രക്ഷതി ഡുകൃഞ്കരണേ .
----------------------------------------ശുഭം ----------------------------------------------
Subscribe to:
Post Comments (Atom)
No comments:
Post a Comment