ശ്രീ അഭേദ പദാംഭോജം ഭാവയാമി ഹൃദന്തരേ
ഭവതാപ വിനാശായ പാവനം പാപ മോചനം
അക്ഷരജ്യോതിരാദിത്യ സന്നിഭം ഹൃത്തടത്തില്‍ വിളങ്ങും സ്വരൂപമേ
നിത്യ നിര്‍മല നിഷ്കള ബ്രഹ്മമാം അസ്മദാചാര്യവര്യ നമോ നമഃ:
ആദിമധ്യാന്ത ഹീനമാം ആനന്ദ രൂപമായിടും ചില്‍പുമാനില്‍
സ്വയം ലീന മാനസനായോരു സദ്ഗുരു നാഥനിന്നു ശരണം നമോ നമഃ:
ഇന്ദുസുന്ദരമാനനകാന്തിയില്‍ ഇന്നു ഞങ്ങളും മുങ്ങി നിന്നീടവേ
ഒന്നൊഴിയാതെ സര്‍വ താപങ്ങളും മങ്ങി മായുന്നു നാഥാ നമോനമഃ:
ഈഷലെന്നിയേ ത്വല്‍കരപല്ലവം ഈജനങ്ങള്‍ക്കഭയമരുളുവാന്‍
ജാഗരൂഗമായ് മേവുന്നു സര്‍വദാ പാവന ചരിതായ നമോ നമഃ:
ഉത്തമ വര ദായകനാം ഭവാന്‍ നിത്യവും ഭക്ത കോടികള്‍ക്കൊക്കെയും
സച്ചിദാനന്ദ സംവേദനം ചെയ്യും അദ്ഭുത പ്രതിഭാസം നമോ നമഃ:
ഊഴമായ് ഗുരുനാഥ പാദങ്ങളിന്നൂഴിയിന്കല്‍ ചരിക്കും ദശാന്തരേ
പാദ പാംസുക്കള്‍ പുല്‍കുന്നു സജ്ജനം പാപ ശാന്തിക്കു പാഹി നമോനമ:
എന്നുമെന്നും ഭവദീയ വാങ്മയസിന്ധു തന്നില്‍ മുഴുകുന്ന ഞങ്ങളില്‍
ജന്മ പൂര്‍വ സുകൃതം ഫലിക്കയാല്‍ ജന്മമിന്നു കൃതാര്‍ത്ഥം നമോനമ:
ഏതുദിക്കിലിരിക്കിലും ഞങ്ങള്‍ തന്‍ കാതുകളില്‍ മുഴങ്ങുന്നു സര്‍വദാ
താവക ദിവ്യ സന്ദേശമുത്തമം താരകനാമ മന്ത്രം നമോനമ:
ഐശ്വരമായ കര്‍മ്മം അസക്തരായ് ചെയ്കഹര്‍നിശം ഭക്തി മാര്‍ഗത്തില്‍ നാം
ഗീത ഘോഷിക്കും ആര്‍ഷ തത്വങ്ങള്‍തന്‍ സാരമേവം കഥിച്ച നാഥാ നമഃ:
ഒന്നു സത്യം അതദ്വയനീശ്വരന്‍ അന്യമേതുമേ മിഥ്യയാണെന്നതും
ധന്യഭാഷണം കൊണ്ടിങ്ങുണര്‍ത്തിച്ച വന്ദ്യനാം ഗുരുനാഥാ നമോ നമഃ:
ഓതുമാറുണ്ടവിടുന്നു സംസാര സാഗരത്തെ കടക്കുവാന്‍ നിര്‍ഭയം
തോണി നാമജപം ഒന്നു മാത്രമെ മാനവര്‍ക്കവലംബം നമോ നമഃ:
ഔത്തരാഹരും ദക്ഷിണ ദേശികള്‍ പൂര്‍വ പശ്ചിമ ഭാഗേ വസിപ്പവര്‍
സര്‍വ്വരും സദാ സേവകരല്ലയോ നിന്‍ പദങ്ങളില്‍ നാഥാ നമോ നമഃ:
അംബുജാദിതന്‍ ശോഭയെ വെല്ലുന്ന കമ്രകാന്തി കലരും തിരുവുടല്‍
കണ്ണിണയില്‍ മറയാതെ കാണണം അന്ത്യ കാലത്തു പോലും നമോ നമഃ:
അന്തരിന്ദ്രിയ ധ്യാനനിരതരായ് അന്തരാനനരായീടും ഞങ്ങളില്‍
ബന്ധുരാഭാ ഭവദ്രൂപമെന്നിയെ അന്യമൊന്നു തോന്നായ്ക നമോ നമഃ:
ശ്രീ സച്ചിദാനന്ദ സദ്ഗുരുനാഥ് മഹരാജ് കീ ജയ്.
No comments:
Post a Comment